സിംല: എഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹിമാചൽപ്രദേശിൽ രഹസ്യമായി എത്തി മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസിനെ ഹിമാചൽ പോലീസ് തടഞ്ഞു. ഇരുസേനകളും തമ്മിൽ ഏറെനേരം വാക്കുതർക്കമുണ്ടായി.
ബുധനാഴ്ച രാവിലെ 5.30 ഓടെയാണ് ഇരുപതോളം വരുന്ന ഡൽഹി പോലീസ് സംഘം മൂന്നു വാഹനങ്ങളിലായി സിവിൽ വേഷത്തിലെത്തി സിംല ജില്ലയിലെ രോഹ്രുവിനടുത്ത ചിർഗാവിലെ റിസോർട്ടിൽനിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഉത്തർപ്രദേശിൽനിന്നുള്ള സൗരഭ് സിംഗ്, അർബാസ് ഖാൻ, മധ്യപ്രദേശ് സ്വദേശി സിദ്ധാർഥ് അവധൂത് എന്നിവരെ അറസ്റ്റ് ചെയ്തത്.
യുവാക്കളെ ഡൽഹിയിലേക്കു കൊണ്ടുപോകുന്നതിനിടെ ചണ്ഡീഗഡ്- സിംല ദേശീയപാതയിലെ ഷോഗി ബാരിയറിൽ ഹിമാചൽ പോലീസ് ഡൽഹി പോലീസിനെ തടയുകയായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ യുവാക്കളെ സംസ്ഥാനത്തിനു പുറത്തേക്ക് കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് ഹിമാചൽ പോലീസ് അറിയിച്ചു. തങ്ങൾ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണെന്ന് ഡൽഹി പോലീസ് വാദിച്ചെങ്കിലും പ്രവർത്തകരെ തട്ടിക്കൊണ്ടുപോകുകയാണെന്ന് ഹിമാചൽ പോലീസ് തിരിച്ചടിച്ചു.
പിന്നീട് ഉന്നതതല ഇടപെടലുകളെത്തുടർന്ന് ഇരുവിഭാഗവും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. പിന്നാലെ യുവാക്കളെ അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. ഡൽഹി പോലീസിന്റെ ട്രാൻസിറ്റ് റിമാൻഡ് ഹർജിയിൽ വാദം കേൾക്കുകയും അനുമതി നൽകുകയും ചെയ്തതോടെയാണു പ്രശ്നങ്ങൾക്ക് അവസാനമായത്. ഒരു സംസ്ഥാനത്തെ പോലീസ് മറ്റൊരു സംസ്ഥാനത്തെ പോലീസിനെതിരേ കേസെടുക്കുന്നത് അസാധാരണമായ സംഭവമാണ്.
യുവാക്കളെ അറസ്റ്റ് ചെയ്തതിനൊപ്പം റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും ഡൽഹി പോലീസ് സംഘം കൊണ്ടുപോയിരുന്നു.